നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് കട്ടാര പാറ്റൺ

ദൈവം നമ്മുടെ പാപം മറയ്ക്കുന്നു

1950-കളിൽ ഒരു അവിവാഹിതയായ അമ്മയ്ക്ക് തന്റെ കുടുംബത്തെ പരിപാലിക്കാൻ ജോലി കണ്ടെത്തേണ്ടി വന്നപ്പോൾ, അവൾ ടൈപ്പിംഗ് ജോലികൾ ഏറ്റെടുത്തു. അവൾ ഒരു നല്ല ടൈപ്പിസ്റ്റ് ആയിരുന്നില്ല, തെറ്റുകൾ വരുത്തിക്കൊണ്ടിരുന്നു എന്നതാണ് ഒരേയൊരു പ്രശ്‌നം. അവൾ തന്റെ തെറ്റുകൾ മറയ്ക്കാനുള്ള വഴികൾ തേടുകയും ഒടുവിൽ ലിക്വിഡ് പേപ്പർ എന്നറിയപ്പെടുന്ന, ടൈപ്പിംഗ് പിശകുകൾ മറയ്ക്കാൻ ഉപയോഗിക്കുന്ന വെളുത്ത തിരുത്തൽ ദ്രാവകം നിർമ്മിക്കുകയും ചെയ്തു. ഇത് ഉണങ്ങിക്കഴിഞ്ഞാൽ, പിശകുകൾ ഇല്ലെന്ന മട്ടിൽ നിങ്ങൾക്ക് അതിനു മുകളിൽ ടൈപ്പ് ചെയ്യാം.

നമ്മുടെ പാപം കൈകാര്യം ചെയ്യുന്നതിനുള്ള അനന്തവും കൂടുതൽ ശക്തവും പ്രധാനപ്പെട്ടതുമായ ഒരു മാർഗ്ഗം യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നു - മറച്ചുവെക്കലല്ല, മറിച്ച് പൂർണ്ണമായ ക്ഷമയാണത്. യോഹന്നാൻ 8-ന്റെ തുടക്കത്തിൽ, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയിൽ (വാ. 3-4) ഇതിന്റെ നല്ലൊരു ഉദാഹരണം കാണാം. ആ സ്ത്രീയെയും അവളുടെ പാപങ്ങളെയും കുറിച്ച് യേശു എന്തെങ്കിലും ചെയ്യണമെന്ന് ശാസ്ത്രിമാർ ആഗ്രഹിച്ചു. അവളെ കല്ലെറിയണം എന്നാണ് നിയമം പറയുന്നത്, എന്നാൽ നിയമം പറഞ്ഞതോ പറയാത്തതോ ആയ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ ക്രിസ്തു മെനക്കെട്ടില്ല. എല്ലാവരും പാപം ചെയ്തിരിക്കുന്നു എന്ന ഒരു ഓർമ്മപ്പെടുത്തൽ അവൻ വാഗ്ദാനം ചെയ്തു (റോമർ 3:23 കാണുക). പാപം ചെയ്യാത്ത ആരെങ്കിലും സ്ത്രീയെ ഒന്നാമതു “കല്ലെറിയാൻ” (യോഹന്നാൻ 8:7) യേശു പറഞ്ഞു. ഒരാൾ പോലും എറിഞ്ഞില്ല.

യേശു അവൾക്ക് ഒരു പുതിയ തുടക്കം വാഗ്ദാനം ചെയ്തു. താൻ അവളെ കുറ്റംവിധിക്കുന്നില്ലെന്നും അവൾ “[അവളുടെ] പാപജീവിതം ഉപേക്ഷിക്കണമെന്നും” അവൻ പറഞ്ഞു (വാ. 11). അവളുടെ പാപം പൊറുക്കാനും അവളുടെ ഭൂതകാലത്തിന്മേൽ ഒരു പുതിയ ജീവിതരീതി “ടൈപ്പ്” ചെയ്യാനും ക്രിസ്തു അവൾക്ക് പരിഹാരം നൽകി. അതേ വാഗ്ദാനം അവന്റെ കൃപയാൽ നമുക്കും ലഭ്യമാണ്.

അനുഗൃഹീത മുഖംമൂടി

കോവിഡ് മഹാമാരിയുടെ സമയത്ത് നിർബന്ധമായിരുന്ന മാസ്‌ക് ഉപയോഗം ഇപ്പോൾ നിർബന്ധമല്ലാത്തതിനാൽ, അവ ഇപ്പോഴും ആവശ്യമുള്ളിടത്ത്- എന്റെ മകളുടെ സ്‌കൂൾ പോലെയുള്ള സ്ഥലങ്ങളിൽ - ഒരു മാസ്‌ക് കൈയിൽ കരുതാൻ ഞാൻ പാടുപെടുന്നു. ഒരു ദിവസം എനിക്ക് ഒരു മാസ്‌ക് ആവശ്യമായി വന്നപ്പോൾ, എന്റെ കാറിൽ ഒരെണ്ണം കണ്ടെത്തി - മുൻവശത്ത് “ബ്ലസ്സഡ്’’ എന്ന് എഴുതിയിരുന്നതിനാൽ ഞാൻ ധരിക്കാതെ മാറ്റിവെച്ച ഒരെ ണ്ണമായിരുന്നു അത്.

സന്ദേശങ്ങളെഴുതാത്ത മാസ്‌ക് ധരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഞാൻ കണ്ടെത്തിയ മാസ്‌കിലെ വാക്ക് അമിതമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ എനിക്ക് വേറെ വഴിയില്ലായിരുന്നു, മനസ്സില്ലാമനസ്സോടെ ഞാൻ മാസ്‌ക് ധരിച്ചു. സ്‌കൂളിലെ ഒരു പുതിയ റിസപ്ഷനിസ്റ്റിനോട് എന്റെ അസ്വസ്ഥത ഞാൻ പ്രകടിപ്പിച്ചപ്പോൾ, എന്റെ മാസ്‌കിലെ വാക്ക് കാരണമാകാം അവളതു പെട്ടെന്നു ശ്രദ്ധിച്ചു. സങ്കീർണ്ണമായ ഒരു സംവിധാനം ശരിയാക്കാൻ പാടുപെടുന്ന ഒരു വ്യക്തിയുടെ മുമ്പിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ഒപ്പം “അനുഗൃഹീത'' എന്നെഴുതിയ മാസ്‌ക് ധരിക്കുകയും ചെയ്തുകൊണ്ട് ഒരു കപടഭക്തയെപ്പോലെ കാണപ്പെടാൻ ഞാൻ ഒട്ടും ആഗ്രഹിച്ചില്ല.

എന്റെ മാസ്‌കിലെ അക്ഷരങ്ങൾ ക്രിസ്തുവിനുവേണ്ടിയുള്ള എന്റെ സാക്ഷ്യത്തെ ഓർമ്മിപ്പിച്ചെങ്കിലും, എന്റെ ഹൃദയത്തിലുള്ള തിരുവെഴുത്തുകളുടെ വാക്കുകൾ മറ്റുള്ളവരോട് ക്ഷമകാണിക്കാനുള്ള യഥാർത്ഥ ഓർമ്മപ്പെടുത്തലായിരിക്കണം. പൗലൊസ് കൊരിന്ത്യർക്ക് എഴുതിയതുപോലെ, ''ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നത്'' (2 കൊരിന്ത്യർ 3:3). “ജീവൻ നൽകുന്ന’’ പരിശുദ്ധാത്മാവ് (വാ. 6), “സ്‌നേഹം, സന്തോഷം, സമാധാനം’’, ഉവ്വ്, “ക്ഷമ’’ (ഗലാത്യർ 5:22) എന്നിവയിൽ ജീവിക്കാൻ നമ്മെ സഹായിക്കും. നമ്മുടെ ഉള്ളിലെ അവന്റെ സാന്നിധ്യത്താൽ നാം യഥാർത്ഥത്തിൽ അനുഗൃഹീതരാണ്!

താഴ്മ ധരിക്കുക

അണ്ടർകവർ ബോസ് എന്ന ടെലിവിഷൻ പരമ്പരയിൽ, ഒരു ഫ്രോസൺ ഫുഡ് കമ്പനിയുടെ സി.ഇ.ഒ. കാഷ്യറുടെ യൂണിഫോം ധരിച്ച് രഹസ്യമായി ഫ്രാഞ്ചൈസി സ്റ്റോറിൽ ജോലി ചെയ്യാൻ പോയി. അവളുടെ വിഗ്ഗും മേക്കപ്പും അവളുടെ യഥാർത്ഥ സ്വത്വം മറച്ചുപിടിച്ചു. ഷോപ്പിൽ കാര്യങ്ങൾ യഥാർത്ഥത്തിൽ എങ്ങനെ നടക്കുന്നുവെന്ന് കാണുകയായിരുന്നു അവളുടെ ലക്ഷ്യം. അവളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സ്റ്റോർ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവൾക്കു കഴിഞ്ഞു.

നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി യേശു “താഴ്മയുടെ വേഷം” സ്വീകരിച്ചു (ഫിലിപ്പിയർ 2:7). അവൻ മനുഷ്യനായി - ഭൂമിയിൽ നടന്നു, ദൈവത്തെക്കുറിച്ച് നമ്മെ പഠിപ്പിച്ചു, ഒടുവിൽ നമ്മുടെ പാപങ്ങൾക്കുവേണ്ടി ക്രൂശിൽ മരിച്ചു (വാ. 8). ഈ ത്യാഗം ക്രിസ്തുവിന്റെ താഴ്മയെ തുറന്നുകാട്ടുന്നു, അവൻ അനുസരണയോടെ തന്റെ ജീവൻ നമ്മുടെ പാപത്തിനുള്ള യാഗമായി സമർപ്പിച്ചു. അവൻ ഒരു മനുഷ്യനായി ഭൂമിയിൽ സഞ്ചരിക്കുകയും നാം അനുഭവിക്കുന്നത് അനുഭവിക്കുകയും ചെയ്തു - ഭൂമിയിൽ നിന്നുകൊണ്ടു തന്നേ. യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമ്മുടെ രക്ഷകനെപ്പോലെ “അതേ ഭാവം” നമ്മിൽ ഉണ്ടായിരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു - പ്രത്യേകിച്ച് മറ്റ് വിശ്വാസികളുമായുള്ള ബന്ധത്തിൽ (വാ. 5). താഴ്മ ധരിക്കാനും (വാ. 3) ക്രിസ്തുവിന്റെ മനോഭാവം സ്വീകരിക്കാനും ദൈവം നമ്മെ സഹായിക്കുന്നു (വാക്യം 5). മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറുള്ളവരും സഹായഹസ്തം നീട്ടാൻ സന്നദ്ധരുമായ സേവകരായി ജീവിക്കാൻ അവൻ നമ്മെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരെ താഴ്മയോടെ സ്‌നേഹിക്കാൻ ദൈവം നമ്മെ നയിക്കുന്നതിനാൽ, അവരെ സേവിക്കാനും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് കരുണയോടെ പരിഹാരം തേടാനുമുള്ള മികച്ച സ്ഥാനത്താണ് നാം.

ശുദ്ധമായ ഭക്തി

കോളേജിലെ രണ്ടാം വർഷത്തിനു ശേഷമുള്ള വേനൽക്കാലത്ത്, ഒരു സഹപാഠി അപ്രതീക്ഷിതമായി മരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ അവനെ കണ്ടിരുന്നു, അന്നവൻ സുഖമായി കാണപ്പെട്ടു. ഞാനും എന്റെ സഹപാഠികളും ചെറുപ്പമായിരുന്നു, ഞങ്ങളുടെ ജീവിതത്തിന്റെ പ്രധാനമെന്ന് ഞങ്ങൾ കരുതിയിരുന്ന കാര്യങ്ങളിൽ, ജീവിതകാലം മുഴുവൻ സഹോദരിമാരും സഹോദരന്മാരും ആയിരിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.

എന്നാൽ എന്റെ സഹപാഠിയുടെ മരണത്തെക്കുറിച്ച് ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത്, എന്റെ സുഹൃത്തുക്കൾ അപ്പൊസ്തലനായ യാക്കോബ് “ശുദ്ധമായ ഭക്തി” എന്ന് വിളിച്ചത് (യാക്കോബ് 1:27) ജീവിതത്തിൽ പ്രാവർത്തികമാക്കിയതിനു സാക്ഷ്യം വഹിച്ചതാണ്. സാഹോദര കൂട്ടായ്മയിലെ പുരുഷന്മാർ മരിച്ചയാളുടെ സഹോദരിക്ക് സഹോദരങ്ങളെപ്പോലെയായി. അവർ അവന്റെ മരണത്തിന് വർഷങ്ങൾക്ക് ശേഷം അവന്റെ സഹാദരിയുടെ വിവാഹത്തിൽ പങ്കെടുക്കുകയും അവൾക്കു കുഞ്ഞുജനിച്ചപ്പോൾ കുഞ്ഞിനു പാരിതോഷികങ്ങൾ നൽകുകയും ചെയ്തു. അവൾക്ക് വിളിക്കേണ്ടിവരുമ്പോഴെല്ലാം അവനെ ബന്ധപ്പെടാൻ ഒരാൾ അവൾക്ക് ഒരു സെൽഫോൺ സമ്മാനിച്ചു.

യാക്കോബിന്റെ അഭിപ്രായത്തിൽ ശുദ്ധവും നിർമ്മലവുമായ ഭക്തി, “അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നത്” ആകുന്നു (വാ. 27). എന്റെ സുഹൃത്തിന്റെ സഹോദരി അക്ഷരാർത്ഥത്തിൽ അനാഥയായിരുന്നില്ലെങ്കിലും അവൾക്ക് അവളുടെ സഹോദരൻ ഇല്ലായിരുന്നു. അവളുടെ പുതിയ “സഹോദരന്മാർ” ആ വിടവ് നികത്തി.

യേശുവിൽ സത്യവും നിർമ്മലവുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന നമുക്കെല്ലാവർക്കും ചെയ്യാൻ കഴിയുന്നത് അതാണ് - ആവശ്യത്തിലിരിക്കുന്നവരെ പരിപാലിക്കുന്നത് ഉൾപ്പെടെ (2:14-17) “[വചനം] ചെയ്യുവരായിരിക്കുക” (വാ. 22). അവനിലുള്ള നമ്മുടെ വിശ്വാസം, അവൻ നമ്മെ സഹായിക്കുന്നതനുസരിച്ച് ലോകത്തിന്റെ പ്രതികൂല സ്വാധീനങ്ങളിൽ നിന്ന് നമ്മെത്തന്നെ കാത്തുസൂക്ഷിക്കുമ്പോൾ നമ്മുടെ വിശ്വാസം ദുർബലരായവരെ കരുതുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. എല്ലാത്തിനുമുപരി, അത് ദൈവം അംഗീകരിക്കുന്ന യഥാർത്ഥ ഭക്തിയാണ്.

ദൈവം പേരുകൾ ഓർക്കുന്നു

ഞാൻ ഒരു സഭയിൽ യുവജന നേതാവായി പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഞായറാഴ്ച, നിരവധി യുവാക്കളോടു സംസാരിച്ചതിനുശേഷം, അമ്മയുടെ അടുത്തിരുന്ന ഒരു കൗമാരക്കാരിയോട് ഞാൻ സംസാരിച്ചു. നാണം കുണുങ്ങിയായ പെൺകുട്ടിയെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തപ്പോൾ ഞാൻ അവളുടെ പേര് പറഞ്ഞു അവൾ എങ്ങനെ ഇരിക്കുന്നു എന്ന് ചോദിച്ചു. അവൾ തല ഉയർത്തി, അവളുടെ തവിട്ടുനിറത്തിലുള്ള മനോഹരമായ കണ്ണുകൾ വിടർന്നു. അവളും പുഞ്ചിരിച്ചുകൊണ്ട് ചെറിയ സ്വരത്തിൽ പറഞ്ഞു: 'താങ്കൾ എന്റെ പേര് ഓർത്തു.' പ്രായപൂർത്തിയായവർ നിറഞ്ഞ ഒരു സഭയിൽ നിസ്സാരക്കാരിയെന്നു തോന്നിയേക്കാവുന്ന ഒരു പെൺകുട്ടിയെ പേരെടുത്ത് വിളിച്ചുകൊണ്ട് ഞാൻ വിശ്വാസത്തിന്റെ ഒരു ബന്ധം ആരംഭിച്ചു. അവളെ കണ്ടു എന്നും വിലമതിച്ചു എന്നും അവൾ തിരിച്ചറിഞ്ഞു.

യെശയ്യാവ് 43-ൽ, യിസ്രായേല്യർക്ക് സമാനമായ ഒരു സന്ദേശം അറിയിക്കാൻ ദൈവം യെശയ്യാ പ്രവാചകനെ ഉപയോഗിക്കുന്നു: ദൈവം അവരെ കാണുകയും വിലമതിക്കുകയും ചെയ്തു എന്ന സന്ദേശം. അടിമത്തത്തിന്റെ കാലത്തും മരുഭൂമിയിലൂടെയുള്ള യാത്രയിലും പോലും ദൈവം അവരെ കാണുകയും 'പേരിലൂടെ' അവരെ അറിയുകയും ചെയ്തു (വാ. 1). അവർ അപരിചിതരായിരുന്നില്ല; അവർ അവനുള്ളവരായിരുന്നു. അവർ ഉപേക്ഷിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെങ്കിലും, അവർ 'വിലപ്പെട്ടവർ' ആയിരുന്നു, അവന്റെ 'സ്‌നേഹം' അവരോടൊപ്പമുണ്ടായിരുന്നു (വാ. 4). കൂടാതെ, ദൈവം അവരെ പേരിനാൽ അറിയാമായിരുന്നു എന്ന ഓർമ്മപ്പെടുത്തലിനൊപ്പം, അവൻ അവർക്കായി എന്തെല്ലാം ചെയ്യുന്നു എന്നകാര്യവും പങ്കുവെച്ചു, പ്രത്യേകിച്ച് പരീശോധനാ സമയങ്ങളിൽ, അവൻ അവരോടൊപ്പം ഉണ്ടായിരിക്കും (വാ.2). ദൈവം അവരുടെ പേരുകൾ ഓർത്തിരുന്നതിനാൽ അവർക്ക് ഭയപ്പെടുകയോ ആകുലപ്പെടുകയോ ചെയ്യേണ്ട ആവശ്യമില്ല.

ദൈവത്തിന് അവന്റെ ഓരോ പൈതലിന്റെയും പേരുകൾ അറിയാം എന്നത് ഒരു സന്തോഷവാർത്തയാണ്, പ്രത്യേകിച്ചും ജീവിതത്തിലെ ആഴമേറിയതും ബുദ്ധിമുട്ടുള്ളതുമായ വെള്ളത്തിലൂടെ നാം കടന്നുപോകുമ്പോൾ.

നല്ലതിനോടു പറ്റിക്കൊൾക

ഞങ്ങളുടെ കാർ ഒരു തുറസ്സായ മൈതാനത്തിനു സമീപം പാർക്ക് ചെയ്തിട്ട്, അതിലൂടെ ഞങ്ങളുടെ വീട്ടിലേക്ക് നടക്കുമ്പോൾ, മിക്കവാറും എല്ലായ്‌പ്പോഴും ഞങ്ങളുടെ വസ്ത്രങ്ങളിൽ ചില കായ്കൾ ഒട്ടിപ്പിടിച്ചിരിക്കും, പ്രത്യേകിച്ച് ശൈത്യകാലത്ത്. “കിട്ടുന്ന വാഹനത്തിൽ കയറി സഞ്ചരിക്കുന്ന’’ ഈ കുഞ്ഞന്മാർ വസ്ത്രങ്ങൾ, ഷൂസ് അല്ലെങ്കിൽ കടന്നുപോകുന്ന മറ്റെന്തെങ്കിലും വസ്തുക്കൾ എന്നിവയിൽ പറ്റിപ്പിടിച്ച് അവരുടെ അടുത്ത ലക്ഷ്യസ്ഥാനത്തെത്തുന്നു. എന്റെ പ്രാദേശിക വയലിലും ലോകമെമ്പാടും ഇങ്ങനെ വിത്തുകൾ പ്രചരിപ്പിക്കുന്നത് പ്രകൃതിയുടെ രീതിയാണ്.

പറ്റിപ്പിടിച്ചിരിക്കുന്ന കായ്്കൾ ശ്രദ്ധാപൂർവ്വം നീക്കം ചെയ്യാൻ ഞാൻ ശ്രമിക്കുമ്പോൾ, “നല്ലതിനോടു പറ്റിക്കൊൾവാൻ’’ (റോമർ 12:9) യേശുവിൽ വിശ്വസിക്കുന്നവരെ ഉപദേശിക്കുന്ന സന്ദേശത്തെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നമ്മൾ മറ്റുള്ളവരെ സ്‌നേഹിക്കാൻ ശ്രമിക്കുമ്പോൾ, അത് വെല്ലുവിളി നിറഞ്ഞതായിരിക്കും. എന്നിരുന്നാലും, നമുക്കുള്ളതെല്ലാം ഉപയോഗിച്ച് നന്മയിൽ മുറുകെ പിടിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നതിനാൽ, നമുക്ക് തിന്മയെ അകറ്റാനും അവൻ നമ്മെ നയിക്കുന്നതുപോലെ നമ്മുടെ “നിർവ്യാജ’’ സ്‌നേഹത്തിൽ ആയിരിക്കാനും കഴിയും (വാ. 9).

ഈ വിത്തുകൾ കൈകൊണ്ട് വെറുതെ തൂത്താൽ പോകുകയില്ല, അവ നിങ്ങളിലേക്ക് പറ്റിക്കിടക്കും. ദൈവത്തിന്റെ കാരുണ്യത്തിലും മനസ്സലിവിലും കല്പനകളിലും മനസ്സ് നിലനിർത്തിക്കൊണ്ട് നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമുക്കും - അവന്റെ ശക്തിയിൽ - നാം സ്‌നേഹിക്കുന്നവരെ മുറുകെ പിടിക്കാൻ കഴിയും. മറ്റുള്ളവരുടെ ആവശ്യങ്ങൾ നമ്മുടെ ആവശ്യത്തിനുമുമ്പിൽ വെക്കാൻ ഓർമ്മിച്ചുകൊണ്ട് “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു’’ നിലകൊള്ളാൻ അവൻ നമ്മെ സഹായിക്കുന്നു, (വാ. 10).

അതെ, ആ വി്ത്തുകൾ വെല്ലുവിളി ഉയർത്തുന്നതായിരിക്കും, എന്നാൽ മറ്റുള്ളവരെ സ്‌നേഹത്തിൽ മുറുകെപ്പിടിക്കാനും ദൈവശക്തിയാൽ “നല്ലതിനെ’’ മുറുകെ പിടിക്കാനും അവ എന്നെ ഓർമ്മിപ്പിക്കുന്നു (വാ. 9; ഫിലിപ്പിയർ 4:8-9 കൂടി കാണുക).

ഒരു ചൂടുള്ള ഭക്ഷണം

ബാർബിക്യൂ ചിക്കൻ, ഗ്രീൻ ബീൻസ്, പാസ്ത, ബ്രെഡ്. ഒക്ടോബറിലെ ഒരു തണുത്ത ദിനത്തിൽ, ജീവിതത്തിന്റെ അമ്പത്തിനാലു വർഷം ആഘോഷിക്കുന്ന ഒരു സ്ത്രീയിൽ നിന്ന് കുറഞ്ഞത് അമ്പത്തിനാലു ഭവനരഹിതർക്ക് ഈ ചൂടു ഭക്ഷണം ലഭിച്ചു. സാധാരണയായി ഒരു റെസ്‌റ്റോറന്റിൽ ആഘോഷിക്കുന്ന തന്റെ ബർത്ത്‌ഡേ ഡിന്നർ ഉപേക്ഷിക്കാനും പകരം ചിക്കാഗോയിലെ തെരുവുകളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണം പാകം ചെയ്തു വിളമ്പാനും ഈ സ്ത്രീയും അവളുടെ സുഹൃത്തുക്കളും തീരുമാനിച്ചു. പതിവിൽനിന്നു വ്യത്യസ്തമായി, ജന്മദിന സമ്മാനമായി ഒരു ദയാപ്രവൃത്തി ചെയ്യുവാൻ സോഷ്യൽ മീഡിയയിലൂടെ അവൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു.

ഈ കഥ എന്നെ, മത്തായി 25 ലെ യേശുവിന്റെ വാക്കുകളെ ഓർമ്മിപ്പിക്കുന്നു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്‌തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു’’ (വാ. 40). തന്റെ ചെമ്മരിയാടുകൾ തങ്ങളുടെ പ്രതിഫലം സ്വീകരിക്കാൻ തന്റെ നിത്യരാജ്യത്തിലേക്കു ക്ഷണിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചതിനു ശേഷമാണ് അവൻ ഈ വാക്കുകൾ പറഞ്ഞത് (വാ. 33-34). ആ സമയത്ത്, തന്നിൽ വിശ്വസിക്കാത്ത അഹങ്കാരികളായ മതവിശ്വാസികളിൽ നിന്ന് വ്യത്യസ്തമായി (26:3-5 കാണുക), തന്നിലുള്ള ആത്മാർത്ഥമായ വിശ്വാസം നിമിത്തം തന്നെ പോഷിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്ത ആളുകളാണ് അവരെന്ന് യേശു പ്രഖ്യാപിക്കും. “നീതിമാന്മാർ’’ തങ്ങൾ എപ്പോഴാണ് യേശുവിനെ പോഷിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്തതെന്നു ചോദിക്കുമ്പോൾ (25:37), അവർ മറ്റുള്ളവർക്കുവേണ്ടി ചെയ്തത് തനിക്കുവേണ്ടിയും ചെയ്തുവെന്ന് അവൻ അവർക്ക് ഉറപ്പുനൽകും (വാ. 40).

വിശക്കുന്നവർക്ക് ഭക്ഷണം നൽകുക എന്നത്, തന്റെ ജനത്തെ പരിപാലിക്കാൻ ദൈവം നമ്മെ സഹായിക്കുന്ന ഒരു മാർഗ്ഗം മാത്രമാണ് - അവനോടുള്ള നമ്മുടെ സ്‌നേഹവും അവനുമായുള്ള ബന്ധവും കാണിക്കുന്ന ഒരു മാർഗ്ഗം. ഇന്ന് മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദൈവം നമ്മെ സഹായിക്കട്ടെ.

കണ്ണാടി പരീക്ഷ

“ആരാണ് കണ്ണാടിയിൽ?” സ്വയം തിരിച്ചറിയുന്നതിനുള്ള പരീക്ഷ നടത്തുന്ന മനഃശാസ്ത്രജ്ഞർ കുട്ടികളോടു ചോദിച്ചു. പതിനെട്ടു മാസമോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾ സാധാരണയായി കണ്ണാടിയിലെ ചിത്രവുമായി സ്വയം ബന്ധപ്പെടുത്താറില്ല. എന്നാൽ കുട്ടികൾ വളരുമ്പോൾ, അവർ തങ്ങളെത്തന്നെയാണ് നോക്കുന്നതെന്ന് അവർക്കു മനസ്സിലാക്കാൻ കഴിയും. ആരോഗ്യകരമായ വളർച്ചയുടെയും പക്വതപ്രാപിക്കലിന്റെയും ഒരു പ്രധാന അടയാളമാണ് സ്വയം തിരിച്ചറിയൽ.

യേശുവിലുള്ള വിശ്വാസികളുടെ വളർച്ചയെ സംബന്ധിച്ചു ഇതു പ്രധാനമാണ്. യാക്കോബ് കണ്ണാടിയിലുള്ള രൂപം തിരിച്ചറിയുന്ന പരീക്ഷയുടെ ഒരു രൂപരേഖ നൽകുന്നു. കണ്ണാടി ദൈവത്തിൽ നിന്നുള്ള “സത്യത്തിന്റെ വചനം” ആണ് (യാക്കോബ് 1:18). നാം തിരുവെഴുത്തുകൾ വായിക്കുമ്പോൾ, നാം എന്താണു കാണുന്നത്? അവ സ്‌നേഹത്തെയും താഴ്മയെയും വിവരിക്കുമ്പോൾ നാം നമ്മെത്തന്നെ തിരിച്ചറിയുന്നുണ്ടോ? നാം ചെയ്യണമെന്നു ദൈവം നമ്മോടു കല്പിക്കുന്ന കാര്യങ്ങൾ വായിക്കുമ്പോൾ നാം നമ്മുടെ പ്രവൃത്തികൾ കാണുന്നുണ്ടോ? നാം നമ്മുടെ ഹൃദയത്തിലേക്കു നോക്കുകയും നമ്മുടെ പ്രവൃത്തികൾ പരിശോധിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ പ്രവൃത്തികൾ ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളോടു യോജിക്കുന്നുണ്ടോ അതോ നാം മാനസാന്തരം തേടുകയും മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ടോ എന്നു തിരിച്ചറിയാൻ തിരുവെഴുത്തുകൾക്കു നമ്മെ സഹായിക്കാനാകും.

കേവലം തിരുവെഴുത്തു വായിച്ച് മടക്കിവെച്ചിട്ടു പോകരുതെന്ന് യാക്കോബ് മുന്നറിയിപ്പ് നൽകുന്നു, അങ്ങനെ ചെയ്താൽ നാം കോട്ടതു മറന്നുകൊണ്ട് “നമ്മെത്തന്നെ ചതിക്കുകയാണ്” (വാ. 22). ദൈവത്തിന്റെ പദ്ധതികൾക്കനുസരിച്ച് വിവേകത്തോടെ ജീവിക്കാനുള്ള ഭൂപടം ബൈബിൾ നമുക്കു നൽകുന്നു. നാം അത് വായിക്കുകയും ധ്യാനിക്കുകയും ദഹിപ്പിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ഹൃദയത്തിലേക്കു നോക്കാനുള്ള കണ്ണുകളും ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള ശക്തിയും നൽകണമെന്ന് നമുക്ക് അവിടുത്തോട് ആവശ്യപ്പെടാൻ കഴിയും.

ലൈറ്റ് തെളിയിച്ചിടുക

ഒരു ഹോട്ടൽ ശൃംഖലയുടെ പരസ്യത്തിൽ, ഇരുണ്ട രാത്രിയിൽ ഒരു ചെറിയ കെട്ടിടം നിൽക്കുന്നു. മറ്റൊന്നും ചുറ്റും ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ വരാന്തയിലെ വാതിലിനടുത്തുള്ള ഒരു ചെറിയ വിളക്കിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ദൃശ്യത്തിലെത്തിയത്. സന്ദർശകന് പടികൾ കയറി കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ ബൾബ് മതിയായ പ്രകാശം നൽകി. “ഞങ്ങൾ നിങ്ങൾക്കായി ലൈറ്റ് തെളിയിച്ചിടും’’ എന്ന വാചകത്തോടെയാണ് പരസ്യം അവസാനിച്ചത്.

ഒരു പൂമുഖത്തെ ലൈറ്റ് സ്വാഗത ചിഹ്നത്തിനു സമാനമാണ്, ക്ഷീണിതരായ സഞ്ചാരികളെ അവർക്കും നിർത്താനും വിശ്രമിക്കാനും സൗകര്യമുള്ള ഒരു സ്ഥലം ഇപ്പോഴും തുറന്നിട്ടുണ്ടെന്ന് അതോർമ്മിപ്പിക്കുന്നു. ഇരുട്ടും ക്ഷീണവുമുള്ള യാത്രയിൽ നിന്നു രക്ഷപ്പെടാനും കടന്നുവരാനും കടന്നുപോകുന്നവരെ വെളിച്ചം ക്ഷണിക്കുന്നു.

തന്നിൽ വിശ്വസിക്കുന്നവരുടെ ജീവിതം സ്വാഗതാർഹമായ ഒരു പ്രകാശത്തിനു തുല്യമാകണമെന്ന് യേശു പറയുന്നു. അവൻ തന്റെ അനുയായികളോട് പറഞ്ഞു, “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല’’ (മത്തായി 5:14). വിശ്വാസികൾ എന്ന നിലയിൽ, നാം ഇരുണ്ട ലോകത്തെ പ്രകാശിപ്പിക്കുകയാണ്.

അവൻ നമ്മെ നയിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്നതുപോലെ, അവർ നമ്മുടെ “നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തും’’ (വാ. 16). നാം നമ്മുടെ വിളക്കുകൾ പ്രകാശിപ്പിക്കുമ്പോൾ, ലോകത്തിന്റെ ഒരേയൊരു യഥാർത്ഥ വെളിച്ചമായ യേശുവിനെക്കുറിച്ചു (യോഹന്നാൻ 8:12) കൂടുതലറിയാൻ നമ്മുടെ അടുത്തേക്കു വരാൻ അവർ സ്വാഗതം ചെയ്യപ്പെടുകയാണ്. ക്ഷീണിതവും ഇരുണ്ടതുമായ ലോകത്ത്, അവന്റെ വെളിച്ചം എപ്പോഴും നിലനിൽക്കും.

നിങ്ങളുടെ ലൈറ്റ് തെളിയിച്ചിട്ടുണ്ടോ? ഇന്ന് യേശു നിങ്ങളിലൂടെ പ്രകാശിക്കുമ്പോൾ, മറ്റുള്ളവർ കാണുകയും അവന്റെ പ്രകാശം പ്രസരിപ്പിക്കുകയും ചെയ്‌തേക്കാം.

ഭാരം കുറച്ചുള്ള യാത്ര

ജെയിംസ് എന്ന് പേരുള്ള ഒരാൾ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുകൂടി 2011 കി.മീ ദൂരം സൈക്കിൾ യാത്ര നടത്തി. യാത്ര 1496 കി.മീ. പിന്നിട്ട സമയം എന്റെ ഒരു സുഹൃത്ത് അയാളെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ടെന്റും മറ്റും അടങ്ങിയ ബാഗ് മോഷണം പോയി എന്നറിഞ്ഞ സുഹൃത്ത് തന്റെ ബ്ലാങ്കറ്റും സെറ്ററും നല്കാമെന്ന് പറഞ്ഞു. അയാൾ ഇത് നിരസിച്ചു കൊണ്ട് പറഞ്ഞത് തെക്കോട്ട് യാത്ര ചെയ്യുന്തോറും ചൂട് കൂടി വരുന്നതുകൊണ്ട് ഇങ്ങനെയുള്ള വസ്തുക്കൾ ഒഴിവാക്കേണ്ടിവരുമെന്നാണ്. ലക്ഷ്യത്തിലേക്ക് എത്തുന്തോറും കൂടുതൽ ക്ഷീണിതനാകും എന്നതുകൊണ്ട് ചുമക്കുന്ന ഭാരം പരമാവധി കുറച്ച് കൊണ്ടുവരണം പോലും.

ജെയിംസിന്റെ തിരിച്ചറിവ് കൊള്ളാം. ഇത് തന്നെയാണ് എബ്രായ ലേഖനക്കാരന്റെ ചിന്തയും. ജീവിതയാത്ര തുടരുന്തോറും "സകല ഭാരവും മുറുകെപ്പറ്റുന്ന പാപവും വിട്ട് " (12:1) ഭാരം കുറച്ച് യാത്ര ചെയ്യണം.

യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ ഈ ഓട്ടം ഓടുന്നതിന് "സ്ഥിരത" (വാ.1) ആവശ്യമാണ്. മുന്നോട്ട് പോകുന്നു എന്ന് ഉറപ്പാക്കുന്നതിന് ക്ഷമയില്ലായ്മ, നിസ്സാര കാര്യങ്ങൾ മനസ്സിൽ വെക്കൽ എന്നുതുടങ്ങി, യാത്രയെ തടയുന്ന ഭാരങ്ങളൊക്കെ ഉപേക്ഷിക്കേണ്ടതുണ്ട്.

യേശുവിന്റെ സഹായമില്ലാതെ നന്നായും ഭാരമില്ലാതെയും ഈ ഓട്ടം പൂർത്തിയാക്കാനാകില്ല. നമ്മുടെ "ഉള്ളിൽ ക്ഷീണിച്ച് മടുക്കാതെ" ഇരിക്കുവാൻ "വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായവനെ" നോക്കാം (വാ. 2,3).